കുട്ടികൾക്ക് സ്മാർട്ഫോൺ കൊടുക്കണോ വേണ്ടയോ എന്നതാണ് ഈ ലേഖനത്തിൻറെ പ്രധാന വിഷയം. എന്നാൽ അവസാനം വരെ വായിക്കുകയാണെങ്കിൽ ഇതിൽ ഒരു ട്വിസ്റ്റ് ഉണ്ട് . അതിലേക്ക് എത്തുന്നതിനു മുൻപ് ഈ അടുത്ത് എറണാകുളത്തു വച്ച് നടന്ന ഒരു സംഭവത്തെ കുറിച്ച് കേൾക്കാം. സ്മാർട്ഫോൺ ഉപയോഗവുമായി ഇതിനു ഒരു ബന്ധമുണ്ട്
ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ അമ്മ അടുത്തിടെ എറണാകുളം റൂറൽ പോലീസിൽ ഒരു പരാതി കൊടുക്കുന്നു. തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 3 ലക്ഷം രൂപ ആരോ തട്ടിയെടുത്തെന്നതാണ് പരാതി.
എന്നാൽ അന്വേഷണം ഒരു തട്ടിപ്പുകാരനിലേക്കും നയിച്ചില്ല, മറിച്ചു അത് നയിച്ചത്, ഓൺലൈൻ ക്ലാസ്സുകൾക്ക് വേണ്ടി സ്മാർട്ഫോൺ ഉപയാഗിച്ചു വന്ന ആ അമ്മയുടെ സ്വന്തം മകനിലേക്കായിരുന്നു. ഒരു ഓൺലൈൻ ഗെയിമിൽ കുടുങ്ങി പോയ ആ മകൻറെ ഗെയിം അഡിക്ഷൻ കാരണം ആ അമ്മക്ക് നഷ്ടപ്പെട്ടത് 3 ലക്ഷം രൂപ.
“ഒരു മൊബൈൽ വാലറ്റിലൂടെ 225 ലധികം പണ ഇടപാടുകൾ ആണ് ആ ഒമ്പതാം ക്ലാസ് കാരൻ നടത്തിയത്. 40 മുതൽ 4,000 രൂപ വരെ ഉള്ള തുകകൾ ആണ് ഒരു മാസത്തിനുള്ളിൽ ഗെയിമിലൂടെ ചെലവാക്കിയത്. ഗെയിം കളിക്കുന്നതിനായി ഒരു ദിവസം 10 പേയ്‌മെന്റുകൾ വരെ നടത്തിയ ദിവസങ്ങളുണ്ടായിരുന്നു എന്നാണു പോലീസ് വൃത്തങ്ങൾ പറഞ്ഞത്. യുവതിയുടെ മൊബൈൽ വാലറ്റ് മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു, പാസ്‌വേഡ് മകന് അറിയാമായിരുന്നു.
കുട്ടികൾക്ക് മൊബൈൽ ഫോൺ കൊടുക്കണോ വേണ്ടയോ എന്ന് ആലോചിക്കാത്ത എത്ര മാതാ പിതാക്കൾ ഉണ്ട് നമ്മുടെ ഈ കേരളത്തിൽ ?
പ്രത്യേകിച്ച് കോവിഡ് 19 പകർച്ചവ്യാധി കാരണം കുട്ടികളുടെ പഠനം ഓൺലൈൻ ആയ ഈ കാലത്തിൽ മൊബൈൽ ഫോൺ ഇല്ലാതെ കാര്യങ്ങൾ നടക്കില്ല എന്ന അവസ്ഥ ആണ് ഉള്ളത്.
മൊബൈൽ ഫോൺ കുട്ടികൾക്ക് കൊടുക്കാമോ എന്ന് ഞാൻ പറയുന്നതിന് മുൻപ് നമുക്ക് സാങ്കേതിക മേഖലയിലെ അഗ്രഗണ്യന്മാരായ ചിലരുടെ പ്രവൃത്തികൾ വിലയിരുത്താം. അവർ പറയുന്ന വാക്കുകൾ അല്ല കേട്ടോ നാം വിലയിരുത്താൻ പോകുന്നത്. അവർ സ്വന്തം വീട്ടിൽ ചെയ്യുന്ന കാര്യങ്ങൾ ആണ് ആദ്യത്തെ വിഷയം.
ബിൽ ഗാറ്റസിനെ അറിയാത്തവർ ചുരുക്കമാണ്. മൈക്രോസോഫ്റ്റിന്റെ മുൻ സിഇഒ ആയിരുന്ന ഗേറ്റ്സ് സാങ്കേതിക മേഖലയിൽ ഏറ്റവും സ്വാധീനമുള്ള ഒരാളാണ്. പക്ഷെ വീട്ടിൽ തന്റെ കുട്ടികൾക്ക് എത്രമാത്രം സാങ്കേതികവിദ്യ ഉപയോഗിക്കാമെന്ന് ഗേറ്റ്സ് പരിമിതികൾ വെച്ചിട്ടുണ്ട്.
2007 ൽ, ബിൽ ഗാറ്റസിന്റെ മകൾ ഒരു വീഡിയോ ഗെയിമിനോട് അനാരോഗ്യകരമായ ബന്ധം വികസിപ്പിക്കാൻ തുടങ്ങിയപ്പോൾ പുള്ളി മകൾ ചെലവഴിക്കുന്ന സ്ക്രീൻ സമയത്തിനു ഒരു പരിധി കൊണ്ട് വന്നു. 14 വയസ്സാകുന്നതുവരെ ബിൽ ഗേറ്റ്സ് തന്റെ കുട്ടികളെ സെൽ ഫോണുകൾ ഉപയോഗിക്കാൻ അനുവദിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം.
സ്നാപ്ചാറ്റ് സിഇഒ ഇവാൻ സ്പീഗലിനെപ്പോലുള്ള മറ്റ് ടെക്കികളും അവരുടെ കുട്ടികൾക്ക് സ്ക്രീൻ സമയത്തിനു പരിമിതികൾ നടപ്പാക്കിയിട്ടുണ്ട്. സ്പീഗലും ഭാര്യ മിറാൻഡ കെറും അവരുടെ കുട്ടികൾക്ക് ആഴ്ചയിൽ ഒന്നര മണിക്കൂർ മാത്രമാണ് സ്ക്രീൻ സമയം കൊടുത്തിരിക്കുന്നത്. 2018 പ്യൂ റിസർച്ച് സെന്റർ സർവേ പ്രകാരം, മറ്റേതൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനേക്കാളും ചെറുപ്പക്കാർ ഉപയോഗിക്കുന്നത് സ്നാപ്ചാറ്റ് ആണ്.
ആപ്പിളിന്റെ സിഇഒ ആയിരുന്ന സ്റ്റീവ് ജോബ്സ്, 2011-ലെ ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇതാണ് “ഞങ്ങളുടെ കുട്ടികൾ വീട്ടിൽ എത്ര സാങ്കേതികവിദ്യ ഉപയോഗിക്കുന്നുവെന്ന് ഞങ്ങൾ പരിമിതപ്പെടുത്തുന്നു,” പുതുതായി പുറത്തിറക്കിയ ഐപാഡ് ഉപയോഗിക്കുന്നതിൽ നിന്നും തൻ്റെ കുട്ടികളെ തടഞ്ഞതായും സ്റ്റീവ് ജോബ്സ് വെളിപ്പെടുത്തി.
ഇനി ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈ ന്യൂയോർക്ക് ടൈംസിനോട് 2018-ലെ ഒരു അഭിമുഖത്തിൽ പറഞ്ഞത് എന്താണ് എന്ന് നോക്കാം – തന്റെ 11-കാരനായ മകന് സെൽ ഫോൺ ഇല്ലായിരുന്നുവെന്നും തന്റെ കുട്ടികൾ ടെലിവിഷൻ കാണാൻ ചെലവഴിക്കുന്ന സമയം പിച്ചൈ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു.
ലോകത്തിന്റെ സാങ്കേതിക വിദ്യയുടെ കേന്ദ്രമായ സിലിക്കൺ വാലിയിലെ സ്കൂളുകൾ താരതമ്യേന സാങ്കേതിക വിദ്യ കുറച്ചു ഉപയോഗിക്കുന്ന കൂട്ടരാണ് എന്നുള്ളതാണ് കൗതുകകരമായ ഒരു സംഗതി.
മൊബൈൽ ഫോണുകൾക്ക് പല ഗുണങ്ങളും ഉണ്ട് എന്ന ഒരു വാദം പൊതുവെ ഉണ്ടാകും. ഉദാഹരണത്തിന്, ഒരു കുട്ടിയുടെ സുരക്ഷക്ക് വേണ്ടി ഒരു സ്മാർട്ട് ഫോൺ കൊടുക്കുന്നത് നല്ലതാണെന്നു കരുതുന്നവർ ഏറെ ഉണ്ട്. സുരക്ഷ ആണ് ആവശ്യമെങ്കിൽ ഒരു സാധാരണ ഫോൺ മേടിച്ചാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളു. കാരണം സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ പറ്റുന്ന സോഷ്യൽ മീഡിയ ആപ്സ് എല്ലാം നമ്മളെ അതിൻ്റെ അടിമകൾ ആക്കാൻ ഡിസൈൻ ചെയ്തിരിക്കുന്നത് ആണ്.
കുട്ടികളുടെ ബോറടി മാറ്റാൻ സ്മാർട്ട് ഫോൺ കൊടുക്കുന്നവരും ഉണ്ട്. എന്നാൽ കുട്ടികൾക്ക് ബോറടിക്കുമ്പോഴാണ് അവർ ചിന്തിക്കാൻ തുടങ്ങുന്നത്. ചിന്തകളിൽ നിന്നാണ് വലിയ കണ്ടെത്തലുകൾ സാധിക്കുന്നത്. സ്മാർട്ട് ഫോൺ ഉപയോഗം ഇങ്ങനെയുള്ള ഗുണങ്ങൾ ഇല്ലാതാക്കുന്നു എന്ന് വ്യക്തമാണ്.
NOMOPHOBIA എന്ന് കേട്ടിട്ടുണ്ടോ? NOMOPHOBIA അല്ലെങ്കിൽ NO MObile PHone PhoBIA എന്നതു മൊബൈൽ ഫോൺ കണക്റ്റിവിറ്റിയിൽ നിന്ന് അകന്നുപോകുമെന്നുള്ള ഭയം തോന്നുമ്പോൾ ഉണ്ടാകുന്ന ഒരു മാനസിക അവസ്ഥയാണ്.
കോളേജിൽ പഠിക്കുന്നവർ ഏകദേശം എട്ടു തൊട്ടു പത്തു മണിക്കൂർ വരെ ആണ് ഓരോ ദിവസവും ഫോൺ ഉപയോഗിക്കുന്നത്. മുതിർന്നവർ തന്നെ നാല് തൊട്ടു അഞ്ചു മണിക്കൂറുകൾ വരെ ഫോണുകളിൽ ചെലവഴിക്കുന്നു എന്നാണ് കണക്ക്. അങ്ങനെയെങ്കിൽ കുട്ടികളുടെ കാര്യം പറയാനുണ്ടോ? കുട്ടികൾക്ക് എത്ര ആത്മസംയമനം ഉണ്ട് എന്ന് പറഞ്ഞാലും ഈ സ്മാർട്ട് ഫോണിൽ ഉള്ള ആപ്സിന്റെ പ്രത്യേകിച്ച് സോഷ്യൽ മീഡിയ ആപ്സിന്റെ ആകർഷണ വലയത്തിൽ നിന്ന് രക്ഷപെടാൻ പ്രയാസമാണ്.
അത്ര നിർബന്ധമാണെങ്കിൽ സ്മാർട്ട് ഫോണിൽ പാരന്റൽ കണ്ട്രോൾ വെക്കുക. അത്യാവശ്യമുള്ള ആപ്പുകൾ മാത്രം ഇൻസ്റ്റാൾ ചെയ്യുക. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഒഴിവാക്കുക.
കുട്ടികളുടെ അനാരോഗ്യകരമായ വീഡിയോ ഗെയിം ഉപയോഗം മൂലമുള്ള പ്രശ്നങ്ങൾ, സൈബർ ബുള്ളിയിങ്, കുട്ടികൾക്ക് കളിക്കാനും വ്യായാമത്തിനുമുള്ള സമയം കുറയുക, ഉത്കണ്ഠ രോഗങ്ങൾ മുതലായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുക, സ്മാർട്ട് ഫോണിൽ നിന്നും പുറത്തേക്കു വരുന്ന ബ്ലൂ ലൈറ്റ് കാരണം ഉറക്കം കുറയുക അല്ലെങ്കിൽ നല്ല ഉറക്കം കിട്ടാതെ പോകുക, ടെക്നോളജി ഇല്ലാതെ ഒന്നും നടക്കില്ല എന്ന അവസ്ഥ വരുക എന്നിങ്ങനെ പല പ്രശ്നങ്ങൾ ആണ് സ്മാർട്ട് ഫോൺ ഉപയോഗം മൂലം ഈ കാലത്തു നമുക്ക് കുട്ടികളുടെ ഇടയിൽ കാണാൻ സാധിക്കുന്നത്.
ഏകാഗ്രത ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒരു കാലഘട്ടം ആയിരിക്കും വരും കാലങ്ങൾ. വലിയ കണ്ടുപിടുത്തങ്ങൾ നടത്താൻ ഏകാഗ്രത എത്ര അത്യാവശ്യമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. നമ്മുടെ കുട്ടികളുടെ ശ്രദ്ധയെ ചിന്ന ഭിന്നമാക്കാൻ ഉതകുന്ന സ്മാർട്ട് ഫോണുകൾ നമുക്ക് ആവശ്യമാണോ? കുട്ടികളുടെ ശ്രദ്ധ രണ്ടു തൊട്ടു മൂന്നു മിനുട്ടുകൾ ആയിരുന്ന അവസ്ഥയിൽ നിന്ന് ഇപ്പോൾ വെറും സെക്കന്റുകൾ ആയി ഒതുങ്ങി പോകുകയാണ്.
ഭാവിയിലെ ഒരു ഒളിമ്പിക് കായിക പ്രതിഭയോ അല്ലെങ്കിൽ ജനങ്ങൾക്കു ഉപകാരപ്രദമായിട്ടുള്ള കാര്യങ്ങൾ കണ്ടു പിടിക്കുന്ന ഒരു വ്യക്തിയോ ആകണമെങ്കിൽ സ്മാർട്ട് ഫോൺ ഉപയോഗം തീർച്ചയായും കുറക്കണം എന്ന് തന്നെ ആണ് എന്റെ അഭിപ്രായം.
പക്ഷെ ഇവിടെ ആണ് ട്വിസ്റ്റ് വരുന്നത്, അത് തുടങ്ങേണ്ടത് കുട്ടികളിൽ നിന്ന് അല്ല മറിച്ചു മുതിർന്നവരിൽ നിന്ന് തന്നെ ആണ്.
നമ്മൾ പറയുന്നതല്ല മറിച്ചു നാം പ്രവൃത്തിക്കുന്നതാണ് കുട്ടികൾ അനുകരിക്കാറ്.
സ്മാർട്ട് ഫോൺ ഉപയോഗം കുറക്കാൻ നമുക്ക് പരിശ്രമിക്കാം. കുട്ടികൾക്കു വേണ്ടി കൂടുതൽ സമയം ചെലവഴിക്കാൻ നമുക്ക് പ്രയത്‌നിക്കാം.
കുട്ടികൾ ഉറങ്ങുന്നതിനു മുൻപ് അവർക്കു കഥകൾ പറഞ്ഞു കൊടുക്കുന്ന ഒരു കാലത്തിലേക്ക് തിരിച്ചു ചെല്ലാം.
ഒരു നല്ല നാളെക്കായി സ്വപ്നം കാണാം അതിനു വേണ്ടി പരിശ്രമിക്കാം.
നന്ദി!